സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതി വരുന്നു

By News Desk, Malabar News
Kochouseph Chittilappilly
Ajwa Travels

കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതിവരുന്നു. സംസ്‌ഥാനത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്‌റ്റാർട് അപ്പുകൾക്കും ഓഹരി മൂലധനവും വായ്‌പയും ലഭ്യമാക്കുകയാണ് പദ്ധതി. ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനം ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനം (എൻബിഎഫ്‌സി) വഴിയായിരിക്കും.

എൻബിഎഫ്‌സിയുടെ ലൈസൻസിന് വേണ്ടി ‘കെ ചിറ്റിലപ്പള്ളി ക്യാപിറ്റൽ’ എന്ന പേരിൽ ഈയിടെ രൂപീകരിച്ച കമ്പനി റിസർവ് ബാങ്കിന്റെ അനുമതിയും തേടിയിട്ടുണ്ട്.

യാത്രാ സംബന്ധിയായ സാങ്കേതിക ഉൽപന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ട്രാവൽടെക്‌ സ്‌റ്റാർട് അപ്പായ ‘വെർട്ടീൽ ടെക്‌നോളജീസി’ൽ ഈയടുത്ത് മൂലധന നിക്ഷേപം നടത്തിയതിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തിലെ സംരംഭകരുടെ മികവ് എടുത്തു പറയേണ്ടതാണെന്നും വെർട്ടീൽ ടെക്‌നോളജീസിനെ പോലെ ഇനിയും സംരംഭങ്ങള്‍ ഉയര്‍ന്നു വരുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു.

സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്‌തത മൂലം വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത് എത്തിയിരിക്കുന്നത്. ഓരോ സ്‌റ്റാർട് അപ്പിനെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക.

ഓഹരി മൂലധനത്തിന് പുറമേ വായ്‌പ ലഭ്യമാക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്‌പയേക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്‌പ അനുവദിക്കുകയെന്നതും ശ്രദ്ധേയമാണ്. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും അനിയോജ്യമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുക.

kochouseph Chittilappilly_Sheela Kochouseph
ഭാര്യ ഷീലയോടൊപ്പം

അതേസമയം, എത്ര തുകയാണ് ഫണ്ടിനായി നീക്കി വെക്കുക എന്ന കാര്യം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ വിറ്റ് ഏതാണ്ട് 90 കോടി രൂപയോളം അദ്ദേഹം ഈയടുത്ത് സമാഹരിച്ചിരുന്നു, ഈ തുകയിൽ ഒരു വിഹിതം സ്‌റ്റാർട് അപ് ഫണ്ടിന് വേണ്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന തുക ‘ചിറ്റിലപ്പിള്ളി സ്‌ക്വയർ’ എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ചെലവഴിക്കുക എന്നാണ് വിവരം.

വി-ഗാർഡ്, വണ്ടർലാ അമ്യൂസ്‌മെന്റ് പാർക് എന്നിങ്ങനെയുള്ള വമ്പൻ സംരംഭങ്ങളിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിലവിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. മുൻപ് പുതിയ സംരംഭകർക്ക് പരിശീലനം നൽകുന്നതിനായി 2013ൽ ‘വിജയീ ഭവ’ എന്ന കൂട്ടായ്‌മക്ക് ഇദ്ദേഹം രൂപം നൽകിയിരുന്നു. ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് ഈ പരിപാടിയിലൂടെ പരിശീലനം ലഭിച്ചു കഴിഞ്ഞു.

കൂടാതെ, നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്‌തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വെച്ചും വ്യാപക മാദ്ധ്യമ ശ്രദ്ധ നേടിയ വ്യക്‌തി കൂടിയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

Also Read: എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ ബാഡ് ബാങ്കിൽ നിക്ഷേപം നടത്തും; ലക്ഷ്യം 7000 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE