കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷം തടവ് എന്നത് 10 വര്‍ഷമായി കുറച്ചു. വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. എന്നാൽ പോക്‌സോ വകുപ്പും ബലാൽസംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.
2016ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്‌റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി. പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരി വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. അതേസമയം കേസിന്റെ വിചാരണ നടക്കുന്നതിനിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്‌തിരുന്നു.
സ്വന്തം താൽപര്യ പ്രകാരമാണ് റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.
Read also: മഹാരാഷ്‍ട്ര സന്ദർശനം; മമതാ ബാനർജി ശരദ് പവാറിനെ കാണും