കോഴിക്കോട്: മുണ്ടിക്കൽതാഴം ബൈപ്പാസ് റോഡിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി ചേവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
റിട്ട.അധ്യാപകനും ചെലവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ ബാലകൃഷ്‌ണ പിള്ളയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ബാലകൃഷ്‌ണ പിള്ളയും സുഹൃത്ത് രാഘവൻ നായരും. പാലക്കോട്ട് വയൽ ഭാഗത്ത് നിന്ന് മുണ്ടിക്കാൽ താഴെ ബൈപ്പാസ് റോഡരികിലൂടെ നടന്നുപോകുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മീറ്ററുകൾ അകലേക്ക് ഇരുവരും തെറിച്ചുവീണു. തൊട്ടടുത്ത തട്ടുകടയിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബാലകൃഷ്‌ണ പിള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രാഘവൻ നായർ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്.
തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിലെ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ അടിസ്‌ഥാനമാക്കിയാണ് ചേവായൂർ പോലീസ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് കോവൂർ സ്വദേശിയാണ് കാർ ഡ്രൈവർ. വാഹനം സംഭവ സ്‌ഥലത്ത് നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാർ ഉടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ