കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡണ്ടും കോഴിക്കോട് എംപിയും തന്നെ നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചെന്ന് ശശി തരൂർ അറിയിച്ചു. റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കുന്നതിൽ തീരുമാനം അനിശ്‌ചിതത്വത്തിൽ ആയിരുന്നു.
റാലിയിൽ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നാണ് ശശി തരൂരിന്റെ വിലയിരുത്തൽ. ഇതോടെ നാളെ വൈകിട്ട് കോഴിക്കോട് എത്താമെന്നും, പരിപാടിയിൽ പങ്കെടുക്കാമെന്നും തരൂർ സംഘാടക സമിതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ലീഗിന്റെ റാലിയിൽ ശശി തരൂർ, ഹമാസിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. ലീഗിന് ഉണ്ടായ നീരസം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പാണക്കാട്ടെത്തി രമ്യതയിൽ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്, കോൺഗ്രസ് കോഴിക്കോട് പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. എന്നാൽ, കോൺഗ്രസ് പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നതിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തരൂരിന്റെ സാന്നിധ്യം മുസ്‌ലിം ലീഗ് അണികളിൽ ഉൾപ്പടെ ഭിന്നിപ്പ് ഉണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
റാലിയിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. നേരത്തെ ഡിസിസി പുറത്തുവിട്ട പരിപാടിയുടെ വാർത്താ കുറിപ്പിൽ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരുമെന്നായിരുന്നു ശശി തരൂരിന്റെ നിലപാട്. ഇതോടെയാണ് പാർട്ടിയുടെ ഔദ്യോഗിക ക്ഷണമുണ്ടായത്. നാളെ വൈകിട്ട് മൂന്നരക്ക് കോഴിക്കോട് കടപ്പുറത്താണ് കെപിസിസി റാലി. ഇസ്രയേലിൽ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നാണ് ലീഗ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശശി തരൂർ പറഞ്ഞത്.
Most Read| കൊവിഡിന് ശേഷം ഹൃദയാഘാതം; വില്ലൻ അമിത മദ്യപാനവും കഠിന വ്യായാമവും- ഐസിഎംആർ