കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ‘തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണം’ എന്ന് സുധാകരൻ പറഞ്ഞു. വെള്ളിയാഴ്‌ച ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം.
തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണം. കോൺഗ്രസിനെ തകർക്കാൻ ചിലർ കരാറെടുത്താണ് വരുന്നത്. അവർ ഒന്നോർത്തോളൂ, എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല. ഈ പാർട്ടിയോട് കൂറില്ലാത്തവരാണ്. കഷ്‌ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാർക്കും ബിജെപിക്കാർക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവർ. അത് അനുവദിക്കില്ല.
ചേവായൂർ സഹകരണ ബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്കാക്കി മാറ്റാൻ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടതുമുന്നണിയെ കൂട്ടുപിടിച്ചു ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്‌നം നടക്കില്ല. കോൺഗ്രസ് അധികാരത്തിൽ വരും. പിന്നിൽ നിന്ന് കുത്തിയവരെ വെറുതെ വിടില്ലെന്നും സുധാകരൻ പറഞ്ഞു.
ചേവായൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ബാങ്ക് ചെയർമാൻ ജിസി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചു നഗരത്തിലെ അമ്പതിലധികം നേതാക്കൻമാർ പാർട്ടി ഭാരവാഹിത്വം രാജിവെച്ചു. ഇതിന് പിന്നാലെയാണ് വിമതർ മൽസര രംഗത്തെത്തിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!