തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച അന്തിമ ഘട്ടത്തിലേക്ക്. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വസതിയിൽ വെള്ളിയാഴ്‌ച രാത്രിനടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, ടിവി തോമസ് എന്നിവർ പങ്കെടുത്തു.
ശനിയാഴ്‌ചയോടെ അന്തിമപട്ടിക തയ്യാറാക്കി അംഗീകാരത്തിനായി ഹൈക്കമാൻഡിന് സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഈ ശുഭാപ്‌തി വിശ്വാസത്തിൽ ഡെൽഹിയിലുള്ള സുധാകരൻ ശനിയാഴ്‌ച വൈകീട്ട് കേരളത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്. വ്യാഴാഴ്‌ച എംപിമാരുമായും, എഐസിസി. ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി സുധാകരൻ ചർച്ച നടത്തിയിരുന്നു.
വൈകീട്ട് ആറുമണിക്ക് തുടങ്ങി 10 വരെ നീണ്ട ചർച്ചക്ക് ശേഷം നേതാക്കൾ വേണുഗോപാലിന്റെ വീട്ടിലെത്തി തുടർചർച്ചയും നടത്തി. എംഎൽഎമാരും എംപിമാരും പട്ടികയിൽ ഉണ്ടാവില്ലെന്നാണ് സൂചന. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചു തോറ്റവർക്ക് സ്‌ഥാനം നൽകേണ്ടെന്ന അഭിപ്രായം പരിഗണിക്കേണ്ടെന്നും, പ്രായപരിധി നോക്കേണ്ടെന്നുമുള്ള ധാരണയിലെത്തിയിട്ടുണ്ട്.
Read Also: ‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി