മലപ്പുറം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പരാതി അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പാർടിക്ക് ലഭിച്ച പരാതിയിൽ തുടർ നടപടികൾ പരിഗണനയിൽ ഇരിക്കുകയായിരുന്നു. വിഷയത്തിൽ ഇരുസംഘടനാ ഭാരവാഹികളുമായി പലതവണ ചർച്ചകൾ നടത്തിയതാണ്. വിഷയം പാർടിയുടെ പരിഗണനയിലിരിക്കെ പുറത്ത് കൊണ്ടുപോകുന്നതും അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ് ഹരിത സംസ്‌ഥാന നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.
നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയും ചേർന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
Most Read: സംസ്‌ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി