തരൂരിനെ വിമര്‍ശിച്ച കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യ പ്രസ്താവനക്കും വിലക്ക്

By Staff Reporter, Malabar News
kerala image_malabar news
Kodikkunnil Suresh MP, Shashi Tharoor MP

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീതുമായി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. കൂടാതെ പരസ്യ പ്രസ്താവനക്ക് വിലക്കും ഏര്‍പ്പെടുത്തി.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് രൂക്ഷ പരാമര്‍ശവുമായി എത്തിയത്. തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും സുരേഷ് വിമര്‍ശിച്ചു. ഈ ആരോപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ അടക്കം ചര്‍ച്ച ആവുകയും പാര്‍ട്ടിയെ തന്നെ ഉലക്കുകയും ചെയ്ത സാഹചര്യത്തിലാണ് നേതൃത്വ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് കത്തെഴുതിയതില്‍ സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട സംഭവം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തിരുന്നു. കത്ത് പരസ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന പി.ജെ. കുര്യന്റെ വിശദീകരണം അംഗീകരിച്ച രാഷ്ട്രീയകാര്യ സമിതി, ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ വിഷയം പരസ്യ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയോ രാഷ്ട്രീയ സാഹചര്യത്തെ പ്രതികൂലമാക്കുകയോ ചെയ്യരുതെന്നുമായിരുന്നു രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനിടെയാണ് രൂക്ഷമായ ഭാഷയില്‍ ശശി തരൂരിനെ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചത്.

തരൂരിനെതിരായ വിമര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിക്കകത്ത് നിന്നു തന്നെ നിരവധി പ്രതികരണങ്ങള്‍ വന്നതോടെയാണ് പാര്‍ട്ടിയിലെ തര്‍ക്കം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇതിലേക്ക് വഴിവെച്ചതിനാണ് കൊടിക്കുന്നിലിന് സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെ പരസ്യ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് കര്‍ശന ഭാഷയില്‍ കൊടിക്കുന്നിലിന് നേതൃത്വം സന്ദേശം കൈമാറിയതായാണ് ലഭിക്കുന്ന സൂചന. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കൊടിക്കുന്നില്‍ വിശദീകരണവുമായി എത്തി. വിമര്‍ശിക്കുമ്പോഴും തിരുത്തുമ്പോഴും ഇന്നുവരെയും പാര്‍ട്ടിക്ക് വിധേയനായല്ലാതെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ തകര്‍ക്കുന്ന പടപ്പുറപ്പാടിന്റെ ഭാഗമാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE