തരൂർ വിശ്വപൗരൻ, കോൺ​ഗ്രസിന് മുതൽക്കൂട്ട്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥൻ

By Desk Reporter, Malabar News
shashi tharoor ks shabareenathan_2020 Aug 28

തിരുവനന്തപുരം: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂർ എംപിക്കെതിരെ വിമർശനമുന്നയിച്ച കൊടിക്കുന്നിൽ സുരേഷിനെ തള്ളി കെഎസ് ശബരീനാഥൻ എംഎൽഎ. തരൂർ വിശ്വപൗരൻ ആണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണെന്നും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായ പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യുവാക്കളുടെ സ്പന്ദനങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം ഇതെല്ലാം പൊതുസമൂഹത്തിന് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ശശി തരൂരിലൂടെയാണെന്നും ശബരീനാഥൻ പറഞ്ഞു.

ശശി തരൂർ പാർട്ടിയിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പരിഹാസം. പാർട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ് തരൂർ പലപ്പോഴും കരുതുന്നത്. തരൂർ വിശ്വ പൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു.

പലപ്പോഴും എടുത്തുചാട്ടം കാണിക്കുന്ന തരൂരിന് പാർട്ടിയുടെ അതിർവമ്പുകൾക്കകത്ത് നിന്നുള്ള പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ ഇതുവരെയും മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നും കൊടിക്കുന്നിൽ വിമർശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.

രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യുവാക്കളുടെ സ്പന്ദനങ്ങൾ. ദേശീയതയുടെ ശരിയായ നിർവചനം , ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എംപി ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്‌സഭയിലേക്ക്‌ അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതക്കും
കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ. അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയവുമില്ല.

എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, എംപി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE