കെടി ജലീല്‍ വിവാദം; കക്ഷി രാഷ്ട്രീയത്തിലേക്ക് മതത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കരുത് – എസ്.വൈ.എസ്

By Desk Reporter, Malabar News
KT JALEEL_SYS_ Malabar News
Ajwa Travels

കോഴിക്കോട്: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ നടക്കുന്ന ആരോപണങ്ങളില്‍ സുന്നി യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന പുറത്തിറക്കി.

ഇന്ത്യയുടെ സൗഹൃദ രാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമദാന്‍ കിറ്റും വിതരണം ചെയ്‌തതിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ രാജ്യതാല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. ഇതിന്റെ മറവില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്നത് അന്വഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അല്ലാതെ, വിഷയത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്ന നീക്കം അപകടകരമാണ്; എസ്.വൈ.എസ് വ്യക്തമാക്കി.

അപക്വവും അപകടകരവുമായ കക്ഷി രാഷ്ട്രീയ വിഴുപ്പലക്കലിലേക്ക് വിഷയത്തെ കൊണ്ട് പോകാതെ നോക്കാനുള്ള പക്വത രാഷ്ട്രീയ കക്ഷികള്‍ കാണിക്കണം. വിമര്‍ശനങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം വിഷയത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല. ആരോപണങ്ങളില്‍ വിധിതീര്‍പ്പ് കല്‍പ്പിച്ച് ജനങ്ങളില്‍ ഭിന്നത ഉണ്ടാക്കരുത്.

ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴിലും അന്നവും നല്‍കുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോടും വിശിഷ്യാ മലയാളികളോടും കാട്ടുന്ന പ്രത്യേകമായ സ്നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ ആ രാജ്യം നമ്മെ സഹായിക്കാന്‍ താൽപ്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നത് ഖേദകരമാണ്.

SYS NEWS: ഭരണഘടന ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദ രാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാദ്ധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രൂവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ല. അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കാന്തപുരം യുവജന സംഘടനയായ എസ്.വൈ.എസ് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വ്യക്തമാക്കി.

കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിച്ചും ചെളി വാരിയെറിഞ്ഞും രംഗം വഷളാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തു പകരുകയെന്നത് എല്ലാവരും ഓര്‍ക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, എസ് ശറഫുദ്ദീന്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കര്‍ തുടങ്ങിയവര്‍ യോഗ ചര്‍ച്ചയില്‍ പങ്കെടുത്തു.

SYS NEWS: ശുചിത്വ വാരാചരണം; എസ് വൈ എസ് സൃഷ്ട്ടിക്കുന്ന പുതിയ മാതൃക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE