കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ എന്ന് അധികൃതർ വ്യക്‌തമാക്കി.
കൂടാതെ അടിയന്തിര സാഹചര്യത്തിൽ ദ്വീപിൽ എത്തുന്ന ആളുകൾ 2 ഡോസ് വാക്‌സിൻ എടുത്തവർ ആയാലും 3 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഉണ്ടായിരിക്കും. എന്നാൽ ഒറ്റ ഡോസ് വാക്‌സിൻ എടുത്ത ആളുകൾക്കും, അല്ലാത്തവർക്കും 7 ദിവസമാണ് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുള്ളത്. ഭരണകൂടം ഒരുക്കുന്ന സ്‌ഥലത്തോ, വീടുകളിലോ ആണ് ഇവർ ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ദ്വീപ് ഭരണകൂടം നേരത്തെയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ദ്വീപിലെ കോവിഡ് വ്യാപനം വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ നിലവിൽ 46 കോവിഡ് ബാധിതർ മാത്രമാണ് ദ്വീപിൽ ഉള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഓണം അലവൻസും ശമ്പളവും നൽകാൻ സർക്കാർ സഹായം തേടും