വയനാട്: സർക്കാർ ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരിൽ വയനാട് ജില്ലയിലെ വെള്ളാർമലയിലെ 382 കുടുംബങ്ങൾ ദുരിതത്തിൽ. 20 വർഷമായി പ്രദേശവാസികൾ കൈവശം വെച്ചിരുന്ന ഭൂമി നിക്ഷിപ്‌ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. ഇതോടെ വെള്ളാർമല വില്ലേജിലെ 382 കുടുംബങ്ങൾ വർഷങ്ങളായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്.
പ്രദേശവാസികളുടെ കൈവശമുള്ള ഭൂമിക്ക് 2002 വരെ സർക്കാർ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ, വനഭൂമിയാണെന്ന സാങ്കേതിക നൂലാമാലകൾ നികത്തി തുടർന്നുള്ള വർഷങ്ങളിൽ നികുതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം, രേഖകൾ ഇല്ലാത്തതിന്റെ പേരിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഒന്നും ഇവർക്ക് ഇപ്പോൾ ലഭിക്കുന്നില്ല.
സ്‌ഥലം ഈടായി നൽകി ബാങ്കിൽ നിന്ന് വായ്‌പ എടുക്കാനും സാധിക്കുന്നില്ല. അതേസമയം, നാട്ടുകാർ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് വനം, റവന്യൂ വകുപ്പുകൾ ചേർന്ന് നടത്തുന്ന സംയുക്‌ത സർവേ അന്തിമഘട്ടത്തിലാണ്. വനഭൂമി അല്ലെന്ന റിപ്പോർട് ലഭിച്ചാൽ മാത്രമേ ഭൂനികുതി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നാണ് വെള്ളാർമല വില്ലേജ് ഓഫിസർ അറിയിച്ചത്.
Most Read: മണ്ണാർക്കാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ