പാലക്കാട്: മണ്ണാർക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻകുന്ന് വനത്തോട് ചേർന്ന പുഴയിൽ ആനമൂളി സ്വദേശിയായ ആദിവാസി യുവാവ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലന്റെ കഴുത്തിലും ചെവിയുടെ ഭാഗത്തും കൈക്കും വെട്ടേറ്റിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റേത് കൊലപാതകമാണെന്ന് വ്യക്‌തമായത്. സംഭവത്തിൽ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിനിടെയാണ് ചന്ദ്രൻ കുറ്റം സമ്മതിച്ചത്. ബാലനും ചന്ദ്രനും കൂട്ടുകാരായിരുന്നു. മൂന്ന് ദിവസം മുൻപ് ഇരുവരും കാട്ടിൽ തേനെടുക്കാൻ പോയിരുന്നു.
തേൻ വിറ്റ് കിട്ടിയ പണം കൊണ്ട് ഇരുവരും മദ്യം വാങ്ങിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ബാലനെ കൊലപ്പെടുത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. പ്രതി ചന്ദ്രനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: ബസ് ചാർജ് വർധന നേരത്തെ അംഗീകരിച്ചത്; പുതുതായി ഒരുറപ്പും നൽകിയിട്ടില്ല- ആന്റണി രാജു