‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്‍ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്‍സൂണ്‍ ക്യാംപിന് തുടക്കം

By Desk Reporter, Malabar News
lets-play-laugh-hang-out-e-koottam-monsoon-camp-started
Representational Image
Ajwa Travels

തിരുവനന്തപുരം: കുട്ടികളുടെ ലോക്ക്ഡൗൺ ദിനങ്ങൾ സന്തോഷപ്രദമാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2021, ഇ-കൂട്ടം ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാംപിന് തുടക്കം. പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

കുട്ടികള്‍ വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന അസാധാരണമായ സാഹചര്യത്തില്‍, കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന്റെ സുപ്രധാനമായ ഒരു ഇടപെടലാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാംപെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വകുപ്പ് നടത്തുന്ന ഇടപെടലുകളെയും ഇ-കൂട്ടം മോഡ്യൂള്‍ തയ്യാറാക്കിയ ഔര്‍ റെസ്‌പിസിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി ടീമിനെയും മന്ത്രി അഭിനന്ദിച്ചു.

കോവിഡിനെ തുടര്‍ന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളില്‍ കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. കുട്ടികള്‍ അവരുടെ വളര്‍ച്ചക്കനുസരിച്ച് നേടേണ്ട പല സാമൂഹികമായ കഴിവുകളും ഇന്നത്തെ സാഹചര്യത്തില്‍ നേടാന്‍ കഴിയാതെ വരുന്നുണ്ട്. കളിക്കാന്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനുള്ളില്‍ മാത്രം സമയം ചിലവഴിക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ ഒന്നാണ്. ഈ സാഹചര്യം മറികടക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയും യൂണിസെഫും ചേര്‍ന്ന് സംസ്‌ഥാനത്തെ കുട്ടികള്‍ക്കായി രൂപകൽപന ചെയ്‌തതാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാംപ്.

ലോക്ക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുക, കുട്ടികളുടെ സമയം ക്രിയാത്‌മകമായി ഉപയോഗിക്കാന്‍ പ്രോൽസാഹിപ്പിക്കുക, കഥ, കവിത തുടങ്ങിയ സാഹിത്യ മേഖലകളുടെ പ്രാധാന്യം കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുക തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാംപില്‍ കുട്ടികള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

കളിച്ചും, ചിരിച്ചും, കൂട്ടുകൂടിയും കുട്ടികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇ-കൂട്ടം ക്യാംപ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് ഇ-കൂട്ടം ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലെ കുട്ടികളും ക്യാംപില്‍ പങ്കെടുക്കും.

വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ സ്വാഗതവും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ പ്രോഗ്രാം മാനേജര്‍ വിഎസ് വേണു നന്ദിയും പറഞ്ഞു. ഈ പരിപാടിയോടൊപ്പം തന്നെ വനിതാ ശിശുവികസന വകുപ്പ് ബാലവേല വിരുദ്ധ ദിനാചരണവും വെബിനാറും സംഘടിപ്പിച്ചു.

Most Read:  കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE