കോഴിക്കോട്: വീടുകളിൽ നിന്ന് ശേഖരിച്ച പ്ളാസ്‌റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ ലോറി ഡ്രൈവർ പിടിയിൽ. ബേപ്പൂർ മലയിൽ ഹൗസിൽ എം രാഗേഷാണ് പിടിയിലായത്. ഇയാളുടെ ലോറി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടുകളിൽ നിന്ന് വൻ തുക കൈപ്പറ്റിയാണ് ഇയാൾ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്.
വ്യാഴാഴ്‌ചയാണ് ഇയാൾ ബേപ്പൂർ ബിസി റോഡ് ചീർപ്പ് പാലത്തിന് സമീപത്തെ പുഴയോരത്ത് മാലിന്യം തള്ളിയത്. ഇത് കണ്ട നാട്ടുകാർ കൗൺസിലർ എം ഗിരിജയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത ഒരു പാഴ്‌സൽ കവറിൽ രേഖപ്പെടുത്തിയ ജിആർ കോഡ് പരിശോധിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്. ഈ പാഴ്‌സൽ അടങ്ങിയ മാലിന്യം അയച്ചത് എറണാകുളത്ത് നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തുടർന്ന്, ഇത് ഡീകോഡ് ചെയ്‌ത് പാഴ്‌സൽ എത്തിയ ബേപ്പൂരിലെ വീട് പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഈ വീട്ടുകാരെ ചോദ്യം ചെയ്‌തപ്പോഴാണ് രാഗേഷിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അതേസമയം, തുടർ നടപടിക്കായി കേസ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കൈമാറി. ബേപ്പൂർ പോലീസ് ഇൻസ്‌പെക്‌ടർ വി ഷിജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Read Also: യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ