തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെടുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണ് ഇത്.
പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദം 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. എന്നാൽ ഇത് നേരിട്ട് ബാധിക്കില്ലെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത്. ഒപ്പം തന്നെ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യബന്ധനത്തിന് പോകുന്നതിന് നിലവിൽ തടസമില്ല.
Read also : ‘എന്റെ നാടിന് എന്റെ വോട്ട്’; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു