മലപ്പുറം: കേരളത്തിൽ എംപോക്‌സ് സ്‌ഥിരീകരിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് രോഗം സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചിരുന്നു. യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. തിങ്കളാഴ്‌ച രാവിലെയാണ് യുവാവ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
മലപ്പുറത്ത് എംപോക്‌സ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനം കനത്ത ജാഗ്രതയിലാണ്. മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിൽസ തേടുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. കനത്ത ജാഗ്രത പാലിക്കണമെന്നും എല്ലാ മെഡിക്കൽ കോളേജുകളിലും ചികിൽസാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പടെ എംപോക്‌സ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു സംസ്‌ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്‌തമാക്കിയിരുന്നു. രോഗം റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ വിമാനത്താവളങ്ങളിൽ റിപ്പോർട് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു.
2022ൽ എംപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സംസ്‌ഥാനം സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിൽസ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ, ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Most Read| ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം