മലപ്പുറം: മുന്നിലുള്ള ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് ജലാലുദ്ദീന്‍ അദനി എന്ന മഅ്ദിന്‍ വിദ്യാർഥി ജെആര്‍എഫ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മഅ്ദിന്‍ ഏബിൾ വേൾഡ് പ്രവർത്തകരും ഒപ്പം ജലാലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അറബി സാഹിത്യത്തിലാണ് ജലാലുദ്ദീന് ജെആര്‍എഫ് ലഭിച്ചിരിക്കുന്നത്.
ജീവിത വഴിയിലെ ചെറിയ പരീക്ഷണങ്ങളെ പോലും അതിജീവിക്കാൻ കഴിയാതെ തോറ്റുപിൻമാറുന്ന എല്ലാവർക്കും മാതൃകയാക്കാൻ പ്രകൃതിയൊരുക്കുന്ന അനേകം ഉദാഹരണങ്ങളിൽ ഒന്നായി ജലാൽ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന ജലാലുദ്ദീന്‍ അദനി മാറുകയാണ്. അതെ, ഭൗതിക അളവുകോലുകൾ കൊണ്ട് നിശ്‌ചയിച്ച അന്ധതയെ, തന്റെ അകക്കണ്ണുകൊണ്ട് പൊരുതിതോൽപ്പിച്ച് ജലാൽ മാതൃകയാകുമ്പോൾ ഈ വിജയത്തിന് നിലവിലെ ലോക സാഹചര്യത്തിൽ ഇരട്ടിമധുരമുണ്ട്.
2011ലാണ് മത-ഭൗതിക സമന്വയ പഠനത്തിനായി ജലാലുദ്ദീന്‍ മഅ്ദിന്‍ അക്കാദമിയിൽ എത്തുന്നത്. മഅ്ദിന്‍ ഏബിൾ വേൾഡിൽ എത്തിയശേഷം ബ്രെയില്‍ ലിപിയിൽ പാണ്ഡിത്യം നേടി. ശേഷം മറ്റു പഠനങ്ങൾക്കൊപ്പം ബ്രെയില്‍ ലിപിയിലുള്ള എഴുത്തിലും ശ്രദ്ധകൊടുത്തു. ഇപ്പോൾ ജലാലുദ്ദീന്‍ പതിനഞ്ചോളം ഗ്രന്ഥങ്ങൾ സ്വന്തം കൈകൊണ്ട് ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്.
കാഴ്‌ചയുള്ളവർ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്റെ മുദ്ര പതിപ്പിക്കണമെന്നാണ് ജലാലിന്റെ ആഗ്രഹം. സൈക്കിള്‍ ചവിട്ടാനും നീന്താനും കഴിവ് സ്വായത്തമാക്കിയ ജലാല്‍ വിവിധ പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും മികവ് തെളിയിച്ച ജലാലുദ്ദീന്‍ പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ.

അഞ്ച് വിഷയങ്ങളില്‍ ഡോക്‌ടറേറ്റ് കരസ്‌ഥമാക്കി അധ്യാപന മേഖലയില്‍ സജീവമാകാൻ ആഗ്രഹിക്കുന്ന ഇദ്ദേഹം തിരൂരങ്ങാടി, കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശിയായ പനയത്തില്‍ മുഹമ്മദ് കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ്. “വഴിയാധാരമായി മാറുമായിരുന്ന തന്റെ ജീവിതത്തിലേക്ക് വിദ്യയുടെ വെളിച്ചം നൽകി വഴികാട്ടിയാകാൻ ദൈവം ചുമതലപ്പെടുത്തിയത് മഅ്ദിന്‍ ചെയര്‍മാനും ഗുരുവര്യരുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളെയാണ്. ഇദ്ദേഹവും ഇദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്‌ഥാനങ്ങളുമാണ് ഈ അവിസ്‌മരണീയ നേട്ടത്തിലേക്ക് എന്നെ നയിച്ചത്“; ജലാലുദ്ദീന്‍ പറയുന്നു.
മഅ്ദിന്‍ ചെയർമാൻ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ വാക്കുകൾ; “ഏതെങ്കിലുമൊരു ഇന്ദ്രിയത്തിൻ്റെ അഭാവം നിമിത്തം ഇരുളിൽ ഇത്തരം കുട്ടികളെ തളച്ചിട്ടവരാണ് യഥാർഥ അന്ധകാരത്തിൽ വസിക്കുന്നവർ. ഭിന്നശേഷിയുള്ളവരെ വീടിനകത്ത്, നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ട വേദന പടർത്തുന്ന ബാല്യങ്ങളുടെ ഓർമകൾ മനസിനെ ഏറെ വേദനിപ്പിച്ച അനുഭവങ്ങളിൽ നിന്നാണ് ഇത്തരം കുട്ടികൾക്ക് വേണ്ടി മഅ്ദിന്‍ ഏബ്ൾ വേൾഡ് സ്‌ഥാപിതമാകുന്നത്. ഇന്നത് അനേകം പേർക്ക് തണലാകുന്നു”.
“അതിൽ വലിയ വിജയം കൊയ്‌ത ഒരാളാണ് ജലാലുദ്ദീന്‍. സമൂഹത്തിൻ്റെ പൊതുബോധത്തെ പൊളിച്ചെഴുതിയാണ് ജലാലുദ്ദീൻ അദനി ഈ നേട്ടം കരസ്‌ഥമാക്കുന്നത്. ദുരിതങ്ങളുടെയും കഴിവുകേടുകളുടെയും പട്ടിക നിരത്തി പരിമിത വൃത്തത്തിൽ ഒതുങ്ങിക്കൂടുന്ന ഓരോ മനുഷ്യനെയും ഈ നേട്ടം ഇരുത്തിച്ചിന്തിപ്പിക്കണം. നിരന്തര സ്വപ്‌നങ്ങൾ, അധ്വാനങ്ങൾ, പ്രാർഥനകൾ എല്ലാം ചേർത്ത് ജലാലുദ്ദീൻ അദനി രചിക്കുന്ന വിജയത്തിന്റെയും നിശ്‌ചയ ദാർഢ്യത്തിന്റെയും ഈ ജീവിതം പലയാവർത്തി നാം വായിക്കണം.“
Note: സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തോടെ ഉന്നത ഗവേഷണവും പഠനവും തുടരാൻ അനുവദിക്കുന്ന സവിശേഷ പദ്ധതിയാണ് ജെആർഎഫ് അഥവാ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്‌ഥാപിതമായ യുജിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷനാണ് ജെആർഎഫ് പരീക്ഷ നടത്തുന്നത്. ഇതിൽ ഉന്നത വിജയം നേടിയവർക്കാണ് സാമ്പത്തിക സഹായത്തോടെ ഉന്നത ഗവേഷണവും പഠനവും തുടരാൻ അവസരം ലഭിക്കുക.