കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്‌റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു മദ്യവിൽപന. പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മറ്റൊരു പ്രിവന്റീവ് ഓഫിസറായി സി കണ്ണൻ “കുപ്പി തേടി” ബിവറേജസിനടുത്ത് ചുറ്റിക്കറങ്ങി.
ഇതിനിടെ ആളറിയാതെ ഓഫിസറുടെ അടുത്തെത്തിയ ബോസി 100 രൂപ കൂടുതൽ വാങ്ങി മദ്യം നൽകി. ഉടൻ തന്നെ മഫ്‌തിയിൽ മറഞ്ഞു നിന്ന പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജും സംഘവും ഇയാളെ പിടികൂടുകയായിരുന്നു. കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്‌ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
Also Read: കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി