മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങാട് സ്വദേശി കിരണിനാണ് (20) കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടം.
റോഡിന് സമീപത്തെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന കടന്നൽ കൂട് പരുന്ത് കൊത്തി താഴെ ഇടുന്നതിനിടെയാണ് കിരണിന് കുത്തേറ്റത്. തുടർന്ന് കടന്നൽ കൂട് ഇളകി കിരണിന്റെ തലയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചു മുന്നോട്ട് പോയെങ്കിലും കടന്നൽക്കൂട്ടം കിരണിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
നിലവിൽ കിരൺ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കിരണിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിലധികം കടന്നൽ കൊമ്പുകൾ പുറത്തെടുത്തതായും, യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ഡോക്‌ടർമാർ അറിയിച്ചു. കിരണിനൊപ്പം പ്രദേശത്ത് ഉണ്ടായിരുന്ന രണ്ട് പേർക്ക് കൂടി കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്.
Most Read: പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും