മാനസയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി

By Desk Reporter, Malabar News
Manasa-Murder-Case
Ajwa Travels

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രിയോടെ കണ്ണൂരിൽ എത്തുന്ന മൃതദേഹം എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ പയ്യാമ്പലം ശ്‌മശാനത്തില്‍ നടക്കും. അതേസമയം, രാഖിലിന്റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്‌കാരം രാവിലെ പിണറായിയിലെ ശ്‌മശാനത്തില്‍ നടക്കും.

ഇന്നലെയാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ സ്വയം ജീവനൊടുക്കയും ചെയ്‌തു.

ദിവസങ്ങളോളം ആസൂത്രണം ചെയ്‌താണ്‌ മാനസയുടെ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിന് സമീപം രാഖിൽ മുറിയെടുത്ത് താമസിച്ചിരുന്നു. മാനസ പേയിങ് ഗസ്‌റ്റായി താമസിക്കുന്ന വീടും ഇതിനടുത്തായിരുന്നു. വാടകമുറിയിൽ നിന്ന് മാനസ താമസിക്കുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

രണ്ട് നിലയുള്ള കെട്ടിടത്തിെന്റ മുകൾ നിലയിലായിരുന്നു മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രാഖിൽ മാനസയുടെ നേർക്ക് നിറയൊഴിച്ചു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. ഇരുവരും വെടിയേറ്റ് കിടക്കുന്നതാണ് അകത്തു കടന്ന നാട്ടുകാർ കണ്ടത്. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും അന്വേഷണത്തിൽ നിർണായകമാകും. രാഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതാണ് എന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് കേരളത്തില്‍ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം.

തോക്ക് ഫാക്‌ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രാഖിൽ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്‌ഥാനങ്ങളില്‍ പോയതായാണ് വിവരം. വടക്കേ ഇന്ത്യയില്‍ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രാഖില്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാം എന്നാണ് സൂചന.

Most Read:  കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE