ന്യൂഡെൽഹി: സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രത. ജിരിബാം ജില്ലയിൽ വെടിവെപ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷം തുടരുന്ന പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം ശക്‌തമാക്കി.
ഇന്നലെ ജിരിബാം ജില്ലയിൽ കുക്കി, മേയ്‌തേയ് വിഭഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 16 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ രൂക്ഷമായിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾ ചെറുക്കുന്നതിന് നിരീക്ഷണം ശക്‌തമാക്കിയതായി മണിപ്പൂർ പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗവർണർ ലക്ഷ്‌മൺ ആചാര്യയെ സാഹചര്യം അറിയിക്കുകയും ചെയ്‌തിരുന്നു. സംഘർഷ മേഖലയിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുകയാണ്.
കഴിഞ്ഞവർഷം മണിപ്പൂരിൽ തുടങ്ങിയ കലാപത്തിൽ ഇതുവരെ 240 പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് വിവരം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇടക്കാലത്ത് മണിപ്പൂരിൽ സംഘർഷങ്ങൾക്ക് നേരിയ അയവുണ്ടായെങ്കിലും അടുത്തിടയ്‌ക്ക് കുക്കി, മേയ്‌തേയ് വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ രൂക്ഷമാവുകയായിരുന്നു. മണിപ്പൂരിലെ ഒരു ഗ്രാമത്തിലേക്ക് തീവ്രവിഭാഗങ്ങൾ എത്തുകയും വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന വയോധികനെ വെടിവെച്ച് കൊല്ലുകയും ചെയ്‌തതോടെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായത്.
Most Read| ഒടുവിൽ തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ; ‘കാർഗിൽ യുദ്ധത്തിൽ പങ്ക്’