മാതൃഭൂമി 100ആം വയസിലേക്ക്; ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

By Malabar Bureau, Malabar News
Mathrubhumi 100 years
Ajwa Travels

കോഴിക്കോട്: മലയാളിയുടെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ ജീവിതത്തിന്റെ ഭാഗവും കേരളത്തിന്റെ ചരിത്രത്തിൽ പ്രഥമസ്‌ഥാനവും വഹിക്കുന്ന പ്രമുഖ ദിനപത്രമായ മാതൃഭൂമി അതിന്റെ ജൻമ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്‌ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.

11 മണിക്ക് ഓണ്‍ലൈനായി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നിർവഹിക്കും. സ്വാതന്ത്ര്യ സമര പ്രസ്‌ഥാനത്തിന്റെ ഭാഗമായി 1923 മാർച്ച്‌ 18ന്‌ ജൻമംകൊണ്ട മാതൃഭൂമിയുടെ ഇന്ന് നടക്കുന്ന ആഘോഷ പരിപാടിയിൽ കഥാകൃത്ത് ടി പത്‌മനാഭന്റെ നേതൃത്വത്തില്‍ 11 സാംസ്‌കാരികനായകര്‍ ദീപം തെളിയിക്കും.

ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി ബിജിബാല്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം ഗായിക സിത്താര കൃഷ്‌ണകുമാർ ആലപിച്ചാണ് ചടങ്ങ് ആരംഭിക്കുക. മാതൃഭൂമിയുടെ പ്രഥമ മാനേജിങ് ഡയറ്കടറായിരുന്ന കെ മാധവന്‍നായരുടെ പൗത്രി പി സിന്ധുവാണ് ടി പത്‌മനാഭന് വിളക്കുകൈമാറുക. അതിനുശേഷം മാതൃഭൂമി പിന്നിട്ട ചരിത്രവഴികളുടെ ദൃശ്യ-ശ്രാവ്യ പ്രദര്‍ശനവുമുണ്ടാകും.

ശതാബ്‌ദി ഫലകം ജ്‌ഞാന പീഠജേതാവ് എംടി വാസുദേവന്‍നായര്‍ അനാച്ഛാദനം ചെയുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍, കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മന്ത്രി പിഎ മുഹമ്മദ് റിയാസ്, മേയര്‍ ബീനാ ഫിലിപ്പ്, എംകെ. രാഘവന്‍ എംപി, എളമരം കരീം എംപി, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്‌റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളാവും.

മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. മാനേജിങ് ഡയറക്‌ടർ എംവി ശ്രേയാംസ് കുമാര്‍ ആമുഖഭാഷണം നടത്തും. ജോയന്റ് മാനേജിങ് എഡിറ്റര്‍ പിവി നിധീഷ് സ്വാഗതവും ഡിജിറ്റല്‍ ബിസിനസ് ഡയറക്‌ടർ മയൂരാ ശ്രേയാംസ് കുമാര്‍ നന്ദിയും പറയും.

mathrubhumi
മാതൃഭൂമി ശതാബ്‌ദി ആഘോഷ ഉൽഘാടന വേദിയുടെ പ്രവേശന കവാടം

ലഖുചരിത്രം

1923 മാർച്ച്‌ 18ന്‌ ജൻമം കൊണ്ടെങ്കിലും ആഴ്‌ചയിൽ മൂന്നു ദിവസം എന്ന നിലയിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രം 1930ലാണ് ദിനപത്രമായി മാറിയത്. സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായ കെപി കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച സ്‌ഥാപനമാണ് ‘മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനി.

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്‌തു. നിരവധിതവണ പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.

കേരളമാകമാനം വിവിധ നാടുവാഴികൾക്ക് കീഴിൽ ചിതറികിടന്നിരുന്ന മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്‌ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പെടുന്നതായിരുന്നു. അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു.

mathrubhumi
മാതൃഭൂമിയുടെ ആദ്യകാല പ്രസിദ്ധീകരണങ്ങളുടെ ശേഖരം

സാമൂഹ്യ പ്രസ്‌ഥാനങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും പങ്കുവഹിച്ച പി രാമുണ്ണി നായർ, കെ കേളപ്പൻ, സിഎച്ച്‌ കുഞ്ഞപ്പ, കെഎ ദാമോദരമേനോൻ, എൻവി കൃഷ്‌ണവാരിയർ, എപി ഉദയഭാനു, വിപി രാമചന്ദ്രൻ, വികെ മാധവൻകുട്ടി, എംഡി നാലപ്പാട്, കെകെ ശ്രീധരൻ നായർ, കെ ഗോപാലകൃഷ്‌ണൻ, എം കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂഡെൽഹി എന്നിവിടങ്ങളിലും എഡിഷനുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌.

മലയാളിയുടെ വായനാ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഇടപെടുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്, മാതൃഭൂമി ഡോട്ട് കോം, ഗൃഹലക്ഷ്‌മി, ചിത്രഭൂമി, സ്‌റ്റാർ & സ്‌റ്റൈൽ, തൊഴിൽവാർത്ത, മാതൃഭൂമി സ്‌പോർട്‌സ് മാസിക, ബാലഭൂമി, ആരോഗ്യമാസിക, ഇയർബുക്ക്‌ പ്ളസ്, യാത്ര, മിന്നാമിന്നി, കാർട്ടൂൺ പ്ളസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ മാതൃഭൂമിയുടേതാണ്.

Most Read: ക്ഷാമം രൂക്ഷം, ജനം തെരുവിൽ; ഇന്ത്യയുടെ സഹായധനം തേടി ശ്രീലങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE