കോഴിക്കോട്: സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മാതൃഭൂമിയുടെ പങ്ക് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ ചേർന്ന സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങ് ഉൽഘാടനം ചെയ്‌തത്.
മാതൃഭൂമിയുടേത് സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൊളോണിയല്‍ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലുടനീളം സ്‌ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമി. മഹാത്‌മാ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്‌തിപെടുത്താനാണ് മാതൃഭൂമി പിറന്നത്’; അദ്ദേഹം പറഞ്ഞു.
കൂടാതെ യോഗ, ഫിറ്റ്‌നസ്, ബേട്ടി ബച്ചാവോ, ബേട്ടിപഠാവോ തുടങ്ങിയ പദ്ധതികള്‍ ജനകീയമാക്കുന്നതില്‍ മാദ്ധ്യമങ്ങൾ വളരെ പ്രോൽസാഹന ജനകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ മലയാളിയുടെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ ജീവിതത്തിന്റെ ഭാഗവും കേരളത്തിന്റെ ചരിത്രത്തിൽ പ്രഥമസ്‌ഥാനവും വഹിക്കുന്ന പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ജൻമ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി.
മാതൃഭൂമിയുടെ സമരപരമ്പര്യം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രഭാഷണം ആരംഭിച്ചത്. ‘ജനാധിപത്യം ഉയർത്തിപ്പിടിക്കാൻ സാധിച്ച മാദ്ധ്യമമാണ് മാതൃഭൂമി. അയിത്തോച്ചാടനത്തെ പിന്തുണച്ചതും ക്ഷേത്രപ്രവേശനം പോലുള്ളവയെ ഉൽസാഹപൂര്‍വം പ്രോൽസാഹിപ്പിച്ചതുമായ ചരിത്രമാണ് മാതൃഭൂമിക്കുള്ളത്. ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചുകൊണ്ട് നിലനിന്ന ചുരുക്കം ചില പത്രങ്ങളിലൊന്നാണ് മാതൃഭൂമി’; മുഖ്യമന്ത്രി പറഞ്ഞു.
1923 മാർച്ച് 18ന് ജൻമം കൊണ്ടെങ്കിലും ആഴ്‌ചയിൽ മൂന്നു ദിവസം എന്ന നിലയിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രം 1930ലാണ് ദിനപത്രമായി മാറിയത്. സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായ കെപി കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ച് രൂപവൽക്കരിച്ച സ്‌ഥാപനമാണ് ‘മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്‌ളിഷിങ്ങ് കമ്പനി.
സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന് അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്‌തു. നിരവധിതവണ പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന് ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂഡെൽഹി എന്നിവിടങ്ങളിലും എഡിഷനുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം