ന്യൂഡെൽഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ഡെൽഹിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്‌ത്ര രംഗത്ത്. രാജ്യത്തെ പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം ഹനിക്കപ്പെട്ടെന്ന് അവർ ട്വീറ്റ് ചെയ്‌തു.
ഭരണഘടന നൽകുന്ന അവകാശ പ്രകാരം എപ്പോൾ വേണമെങ്കിലും ഇറച്ചി കഴിക്കാം. അതുപോലെ തന്നെ ഇറച്ചി വിൽപന ശാല നടത്താനും ഭരണഘടന അവകാശം നൽകുന്നു. എന്നാൽ സർക്കാർ തീരുമാനത്തെ തുടർന്ന് ഇതെല്ലാം നിർത്തലാക്കിയിരിക്കുക ആണെന്നും മഹുവ ട്വീറ്റിൽ പറഞ്ഞു.
തിങ്കളാഴ്‌ചയാണ് സൗത്ത് ഡെൽഹി മേയർ മുകേഷ് സൂര്യൻ നഗരസഭാ പരിധിയിലെ ഇറച്ചിക്കടകൾ നവരാത്രിയുടെ ഭാഗമായി അടച്ചിടണമെന്ന് നിർദ്ദേശിച്ചത്. ഒമ്പത് ദിവസങ്ങളിൽ ഭക്‌തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാതികളെ തുടർന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും ആയിരുന്നു മേയറുടെ വിശദീകരണം.
വ്രതകാലത്ത് പൊതുസ്‌ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ ഉത്തരവിന് സമാനമായി തീരുമാനത്തെ കണ്ടാൽ മതിയെന്നും മേയർ പറഞ്ഞു. ഡെൽഹിക്കാരുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തുറസായ സ്‌ഥലത്ത് മാംസം മുറിക്കുന്നത് ചിലർക്ക് പ്രശ്‌നമാണ്. ഇത് ആരുടെയും വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും മേയർ പറഞ്ഞു. ഒൻപത് ദിവസത്തെ ഉൽസവ വേളയിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറും ഉത്തരവ് നൽകി.
I live in South Delhi.
The Constitution allows me to eat meat when I like and the shopkeeper the freedom to run his trade.Full stop.
— Mahua Moitra (@MahuaMoitra) April 6, 2022
Most Read: കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങിയേക്കും