തിരുവനന്തപുരം: സംസ്‌ഥാനത്ത് സപ്ളൈകോ മെഡിക്കൽ സ്‌റ്റോറുകൾ വഴി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുമെന്ന് വ്യക്‌തമാക്കി അധികൃതർ. മരുന്നുകൾക്ക് 13 മുതൽ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി മുതൽ 800ലേറെ മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വില കൂട്ടാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെയാണ് സപ്ളൈകോ വഴി വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
20 മുതൽ 24 ശതമാനം വരെ കിഴിവ് ഇൻസുലിന്റെ വിലയിൽ നൽകുമെന്നും, ഒപ്പം തന്നെ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നത് തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് സപ്ളൈകോയ്‌ക്ക് 96 മെഡിക്കൽ സ്‌റ്റോറുകളാണ് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിൻ ഡിപ്പോകളും ഉണ്ട്. സപ്ളൈകോ വഴിയുള്ള മരുന്ന് വിൽപന കാര്യക്ഷമമാക്കുന്നതിനായി വില കുറയ്‌ക്കുമെന്ന് മന്ത്രി ജിആർ അനിൽ കുമാർ നേരത്തെ അറിയിച്ചിരുന്നു.
Read also: വർക്കല ശിവപ്രസാദ് വധക്കേസ്; ആറ് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു