ആലപ്പുഴ: എന്‍സിപി നേതാവിന് എതിരായ സ്‌ത്രീപീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള സ്‌ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്‌ദരേഖ മീഡിയവണ്‍ ചാനൽ പുറത്തുവിട്ടു. പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നത്.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്. “അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം“ എന്നാണ് എകെ ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്. “എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്, അത് ഒത്തുതീര്‍പ്പാക്കാനാണോ സർ പറയുന്നത്“ എന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.
പിതാവ് പ്രാദേശിക എൻസിപി നേതാവാണെങ്കിലും യുവതി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്‌മാകരന്‍ കയ്യിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പോലീസിൽ പരാതി നല്‍കിയിരുന്നു. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
Most Read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ആശങ്ക വേണ്ടെന്ന് ജോസ് കെ മാണി