വയനാട്: കർഷകർക്ക് നൽകേണ്ട ആനുകൂല്യ തുക തട്ടിയെടുത്ത കേസിൽ മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ. മാനന്തവാടി കൃഷി ഓഫിസിലെ മുൻ അസി.ഡയറക്‌ടർ ആയിരുന്ന കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്‌സാണ്ടറെ ആണ് വിജിലൻസ് പിടികൂടിയത്. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്‌ത് അഗ്രികൾച്ചർ അസി. ഡയറക്‌ടറുടെ അക്കൗണ്ടിൽ നിന്ന് കാഷ് ബുക്കിൽ പണം രേഖപ്പെടുത്താതെ ചെക്ക് വഴി 1.26 കോടി തട്ടിയെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക ബാബു അലക്‌സാണ്ടർ, മാതാപിതാക്കൾ, കീഴ്‌ജീവനക്കാർ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. 2013 മുതലാണ് തട്ടിപ്പ് തുടങ്ങിയത്. സ്‌ഥാപങ്ങളുടെ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് പണം മാറിയെടുത്തും, പല സ്‌കീമുകളും നടപ്പാക്കിയതായി കാണിച്ച് ഓഫിസ് ചിലവുകളിൽ കൃത്രിമം കാണിച്ചും, പരിശീലന പരിപാടികളിൽ വ്യാജ ബില്ലുകൾ തയ്യാറാക്കിയുമാണ് തട്ടിപ്പ് നടത്തിയത്.
81,92,075 രൂപ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. 3,30,000 രൂപ കീഴ്‌ജീവനക്കാരായ ശ്രീനിവാസൻ, ഉഷ എന്നിവരുടെ അക്കൗണ്ടുകളിലേക്കും മാറ്റിയിട്ടുണ്ട്. കൂടാതെ നക്ഷത്ര മീനങ്ങാടി എന്ന സ്‌ഥാപനത്തിന്റെ വ്യാജ ബില്ല് തയ്യാറാക്കി 1,10,000 രൂപ തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഇൻസ്‌പെക്‌ടർ പി ശശിധരനാണ് ബാബു അലക്‌സാണ്ടറെ അറസ്‌റ്റ് ചെയ്‌തത്.
Most Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ