തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഒന്നരമാസം മുമ്പാണ് പിങ്ക് പോലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥയായ സിപി രജിത തോന്നയ്‌ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പൊതുജനമധ്യത്തില്‍ അപമാനിച്ചത്. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. മോഷ്‌ടിക്കപ്പെട്ടു എന്ന് പറയപ്പെട്ട ഫോൺ പോലീസ് വാഹനത്തിന്റെ സീറ്റിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് ഉദ്യോഗസ്‌ഥയ്‌ക്കെതിരെ ഉയർന്നത്. പ്രതിഷേധങ്ങൾ രൂക്ഷമായതോടെ രജിതയെ റൂറൽ എസ്‌പി ഓഫിസിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരായ അച്ഛനെയും മകളെയും വിളിച്ചുവരുത്തി ബാലാവകാശ കമ്മീഷൻ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ ബാലാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഉദ്യോഗസ്‌ഥക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യണമെന്നാണ് ഉത്തരവിലെ പ്രധാന നിർദ്ദേശം. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് പോലീസ് സേനാംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ഇതിന് ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
പെൺകുട്ടിക്ക് ഉദ്യോഗസ്‌ഥയുടെ പെരുമാറ്റം മൂലം വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടായിരിക്കുന്നത്. ഇത് മാറ്റാനുള്ള നടപടിയും സർക്കാർ തലത്തിൽ സ്വീകരിക്കണം. ഈ മൂന്ന് നിർദ്ദേശങ്ങളിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ ഈ ഉത്തരവിൽ പറയുന്നു.
ഒരു കുട്ടിയെ മോഷ്‌ടാവായി ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്‌ഥ ശ്രമിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്രയും ഗുരുതരമായ കുറ്റം ചെയ്‌തിട്ടും അവരെ സ്‌ഥലം മാറ്റുക മാത്രമാണ് ചെയ്‌തത്. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. എന്നാൽ, ഈ സംഭവത്തിൽ അത് പോരെന്ന് ഉത്തരവിൽ ബാലാവകാശ കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്.
Also Read: സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണം; ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്