ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറി ഉണ്ടായപ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിലയത്തിലെ 6 ജനറേറ്ററുകളും ഒന്നിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇത് മൂലമാണ് 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായത്. തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് ചെറിയ തോതിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തിയിരുന്നു.
തീപിടുത്തം ഉണ്ടായ ജനറേറ്റർ ഒഴികെ ബാക്കി അഞ്ച് ജനറേറ്ററുകളും പഴയ പടി പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മൂലമറ്റം ഭൂഗർഭ നിലയത്തിലെ 4ആം നമ്പർ ജനറേറ്ററിന്റെ ഭാഗം കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ നിലയത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെക്കുകയായിരുന്നു. സംഭവസമയത്ത് ജീവനക്കാർ ആരും സമീപത്ത് ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. 50 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തകരാറുകൾ പരിഹരിച്ച് ഒന്നാം ഘട്ടത്തിലെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ നിലയത്തിൽ ജോലികൾ നടന്നുവരികയാണ്.