തൃശൂർ: തിരുവാണിക്കാവിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവം നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ചിറയ്‌ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്, വിഷ്‌ണു, ദിനോൺ, അമീർ, അരുൺ, രാഹുൽ, അഭിലാഷ്, ഗിഞ്ചു എന്നിവർക്കെതിരെയാണ് ലുക്ക്‌ഔട്ട് നോട്ടീസ്.
അതേസമയം, വിദേശത്ത് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതകം നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ മരിച്ച ചേർപ്പ് സ്വദേശിയായ സഹറിന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. പ്രതികളെ രക്ഷിക്കാൻ ചേർപ്പ് പോലീസ് സഹായിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പ്രതികൾക്ക് നാടുകടക്കാൻ സാമ്പത്തിക സഹായം നൽകിയ രണ്ടുപേരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഫെബ്രുവരി 18ന് അർധരാത്രി ആയിരുന്നു സഹറിന് നേരെ സദാചാര ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ മാർച്ച് ഏഴിന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരിച്ചത്. സഹറിനെ സുഹൃത്തായ യുവതിയുടെ വീട്ടിൽ വെച്ചാണ് സദാചാരക്കാർ മർദ്ദിച്ചത്. ഒരു പ്രവാസിയുടെ ഭാര്യയാണ് സഹറിന്റെ സുഹൃത്തെന്ന് പോലീസ് പറയുന്നു.
Most Read: ബ്രഹ്‌മപുരത്തെ തീ പൂർണമായി അണച്ചു; 48 മണിക്കൂർ ജാഗ്രത