തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തന്നെ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് വർധിക്കാൻ ഇടയുള്ളതിനാലാണ് കൂടുതൽ സർവീസുകൾ നടത്താൻ തീരുമാനിച്ചത്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി ദീർഘദൂര സർവീസുകൾ ഉൾപ്പടെ കൂടുതൽ സർവീസുകൾ നടത്തണമെന്ന് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ബെംഗളൂരുവിൽ നിന്നും അടിയന്തിരഘട്ടത്തിൽ സർക്കാർ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് സർവീസ് നടത്താൻ മൂന്ന് ബസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും, അവക്ക് കർണാടക സർക്കാരിന്റെ അനുമതി ലഭിച്ചാൽ കേരളത്തിലേക്ക് സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒപ്പം തന്നെ ആശുപത്രി ജീവനക്കാർക്കും, രോഗികൾക്കുമായി സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാണെന്നും, അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്‌ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ഇലക്കറികൾ മാറ്റി നിർത്തേണ്ട; ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് പഠനം