By Esahaque Eswaramangalam, Chief Editor
  • Follow author on
MP Veerendra Kumar
Image designed by: Alavudheen
Ajwa Travels

പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മ ധൈര്യത്തിൻ്റെ പ്രതിരൂപമായും നെറിയുടെ രാഷ്ട്രീയത്തിൽ, ചൈതന്യമായും നിലകൊണ്ട മലബാറിൻ്റെ ആത്മ തേജസ് എം.പി. വീരേന്ദ്രകുമാർ വിടവാങ്ങി. വ്യാഴാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള അന്ത്യം സംഭവിച്ചത്.

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന, ജയപ്രകാശ് നാരായൺ പാർട്ടിയിലേക്ക് അംഗത്വം നൽകി കൊണ്ട് വന്ന ഇദ്ദേഹം അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിൻ്റെ  സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ നാല് മക്കളിൽ മകൻ എം.വി. ശ്രേയാംസ് കുമാർ കേരളത്തിലെ രാഷ്ട്രീയ നേതാവും എം.എൽ.എ.യുമാണ്. ആഷ, നിഷ, ജയലക്ഷ്മി എന്നിവരാണ് പെൺകുട്ടികൾ. കവിത ശ്രേയാംസ് കുമാർ , ദീപക് ബാലകൃഷ്ണൻ, എം.ഡി. ചന്ദനാഥ് എന്നിവർ മരുമക്കൾ.


                                                                           കടപ്പാട് : മാതൃഭൂമി ന്യൂസ് 

ദീർഘ കാല രാഷ്ട്രീയത്തിനൊപ്പം മാതൃഭൂമി മാനേജിങ് ഡയറക്ടർ പദവിയും വഹിച്ചിരുന്നു. ദേശീയ നിലയിൽ ശ്രദ്ധിക്കപെടുന്ന എഴുത്തുകാരൻ പ്രഭാഷകൻ ജനപതിനിധിസഭ അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ ജ്വലിച്ച എം.പി. വീരേന്ദ്രകുമാറിൻ്റെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളാണ് ഹൈമവതഭൂവിൽ, ആത്മാവിലേക്ക് ഒരു തീർഥയാത്ര, ഗാട്ടും കാണാച്ചരടുകളും, ആമസോണും കുറെ വ്യാകുലതകളും, വിചിന്തനങ്ങൾ സ്മരണകൾ, ഡാന്യൂബ് സാക്ഷി, വിധിയുടെ വേട്ടമൃഗം,പ്രതിഭയുടെ വേരുകൾ തേടി,  രാമൻ്റെ ദുഃഖം,  ബുദ്ധൻ്റെ ചിരി തുടങ്ങിയവ.

1987- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിലെ സി. മമ്മൂട്ടിയോട് 17958 വോട്ടിന് വിജയിച്ച്, വനം മന്ത്രിയായ ഉടൻ വനത്തിനുള്ളിലെ മരം മുറിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തെളിച്ചു. തുടർന്ന് തൻ്റെ ആദർശത്തിന് വിലങ്ങ് തടിയായ മന്ത്രിസ്ഥാനം 48 മണിക്കൂറിനുള്ളിൽ അദ്ദേഹം ഉപേക്ഷിച്ചു.

സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം, ഓടക്കുഴൽ അവാർഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നൂറോളം  പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, പി.ടി.ഐ.ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇൻ്റെർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ,  കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, ജനതാദൾ(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡണ്ട്  തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കേരളം-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള, പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിൽ കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ അന്തരാഷ്ട്ര ഭീമൻ കൊക്കക്കോള 2000-ൽ ആരംഭിച്ച ശീതളപാനീയ നിർമാണ യൂണിറ്റിൻ്റെ  പ്രവർത്തനം മൂലം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ചെയ്‌തപ്പോൾ, 2002-ൽ ജനങ്ങൾക്കായി എംപി വിരേന്ദ്രകുമാറും സമര പോരാട്ടത്തിൻ്റെ  മുൻനിരയിൽ വന്നു. ദേശീയ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടെത്തിക്കാനും അത് വഴി നടന്ന വിവിധ ഇടപെടലുകളിലൂടെ, 2004ൽ ഫാക്ടറി അടച്ചുപൂട്ടി കൊക്കോ കോളെയെ പ്ലാച്ചിമടയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാനും സാധിച്ചു. വരാനിരിക്കുന്ന ജലയുദ്ധമാണെന്ന് അദ്ദേഹം കേരള സമൂഹത്തെ ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.എന്നും ജനങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം ശബ്ദമുയർത്തിയത്. പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്തുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും അദ്ദേഹം നിശിതമായി തന്നെ എതിർത്തു.

സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ ആഴമേറിയ ഇടപെടലുകൾക്കൊപ്പം, യാത്രാവിവരണം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി, തത്വചിന്ത, സാഹിത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം പ്രകടിപ്പിച്ച മലബാറിലെ മഹാ മനുഷ്യനായിരുന്നു ശ്രീ എം.പി. വീരേന്ദ്രകുമാർ. ബഹുരാഷ്ട്ര കുത്തകകൾക്കെതിരായ പോരാട്ടത്തിലൂടെയും വർഗീയതയ്ക്ക്  എതിരായ നിലപാടുകളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി അനുകൂല പ്രതിഷേധങ്ങളിലൂടെയും രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിലൂടെ വിശ്വപൗരനായി വളർന്നു.

മലബാറിലെ വയനാട് ജില്ലക്ക് ഇന്ന് കാണുന്ന മുഖമുണ്ടാക്കിയതിൽ നേതൃപരമായ പങ്ക് വഹിച്ച, വായനാട്ടുകാരുടെ പ്രിയങ്കരനായ “വീരൻ” ആണ് വിടവാങ്ങിയത്. മലബാറിൻ്റെ വീരൻ, ആത്മ തേജസ് എം.പി. വീരേന്ദ്രകുമാറിന് സ്നേഹത്തോടെ മലബാർ ന്യൂസ് വിടപറയുന്നു.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE