തിരുവനന്തപുരം: 16ആം നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ സിപിഎമ്മിന്റെ എസി. മൊയ്തീനെയും മൂന്നുപേർ ബിജെപിയുടെ ബിബി. ഗോപകുമാറിനെയും പിന്തുണച്ചു.
139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോടെം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വിഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.
സംസ്ഥാന മന്ത്രിസഭയിൽ ചരിത്രത്തിൽ ആദ്യമായായിരുന്നു മൂന്ന് പാർട്ടിയുടെയും സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മൽസരിച്ചത്. സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനായിരുന്നു സഭയുടെ പ്രോടെം സ്പീക്കർ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദ്ദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. വിഡി. സതീശൻ നാമനിർദ്ദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങി കൊണ്ടുള്ള പത്രികയാണ് ഒന്ന്. രണ്ട് പികെ. കുഞ്ഞാലിക്കുട്ടി നിർദ്ദേശിക്കുകയും പികെ. ബഷീർ പിന്താങ്ങുകയും ചെയ്തത്. മൂന്ന് മോൻസ് ജോസഫ് നിർദ്ദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും ചെയ്തത്. നാല് ഷിബു ബേബി ജോൺ നാമനിർദ്ദേശം ചെയ്യുകയും സിപി. ജോൺ പിന്താങ്ങുകയും ചെയ്തത്.
138 വർഷത്തെ പാരമ്പര്യമുള്ള നിയമസഭയിൽ 25ആംമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാർലമെന്ററി ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ ചുമതലയാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും അതിൽ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനതാൽപര്യം മുൻനിർത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഭരണപക്ഷത്ത് നിന്ന് ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർഥി. എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്


































