തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സമരസമിതി അംഗങ്ങൾ. എറണാകുളം ഗസ്‌റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ മാസം 22ന് ഉന്നതതല യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീർ തോരനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവകാശം പുനഃസ്‌ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സമര സമിതി. വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്.
വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധികാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. പെട്ടെന്ന് കുറച്ച് പണത്തിന് ആവശ്യം വന്നാൽ ലോൺ എടുക്കാൻ പോലും സാധിക്കില്ല. കരം അടയ്‌ക്കാൻ പോലും സാധിക്കുന്നില്ല. ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!