കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചയാളാണ് കൈതപ്രം വിശ്വനാഥൻ.
പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. കണ്ണകി എന്ന ചിത്രത്തിലെ പശ്‌ചാത്തല സംഗീതത്തിന് സംസ്‌ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കരിനീലക്കണ്ണഴകീ (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായവയാണ്. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: അദിതി, നർമദ, കേശവ്.
Read Also: ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു