ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച യുഎഇ സന്ദർശിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു പ്രധാനമന്ത്രി.
അതേസമയം രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 738 ആയി. ഇതോടെ സംസ്‌ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു. 238 പേർക്കാണ് ഇതുവരെ ഡെൽഹിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
കൂടാതെ പ്രതിദിന കോവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി.
ഡെൽഹിക്ക് പുറമെ മഹാരാഷ്‌ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്‌ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. മുംബൈയിൽ മാത്രം കേസുകളിൽ 70 ശതമാനം വർധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നൽകി.
ഗുജറാത്തിൽ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോർട് ചെയ്‌തത്. ബിഹാറിലും ഒരാഴ്‌ചയായി രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്‌ഥാനങ്ങൾ ഇതിനോടകം രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്‌ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: തിരഞ്ഞെടുപ്പ് വീഴ്‌ച; എസ് രാജേന്ദ്രന് എതിരെ സിപിഎം നടപടി എടുത്തേക്കും