ഇൻഡോർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്ലിം കുട്ടിയുടെ മുഖത്ത് മറ്റു കുട്ടികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ അപലപിച്ചു എസ്എസ്എഫ്. മുസാഫർനഗർ സംഭവം ഇന്ത്യയുടെ ഗുരുകുല പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് എസ്എസ്എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പ്രതികരിച്ചു.
‘എസ്എസ്എഫ് സംവിധാൻ’ യാത്രക്ക് ഇൻഡോറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാനുഷിക ബോധം ഉള്ളവർക്ക് മറ്റൊരാളുടെ മുഖത്തടിക്കാൻ പറഞ്ഞു കൊടുക്കാൻ പറ്റുമോ? ഒരധ്യാപകൻ പോയിട്ട് നൻമയുടെ കണിക അൽപ്പമെങ്കിലും ഉള്ളവർക്ക് ചിന്തിക്കാനും ചെയ്യിക്കാനും പറ്റുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ സഹജീവി കാരുണ്യം പോലുമില്ലാത്ത മനുഷ്യരൂപമായിട്ടാണ് ഈ അധ്യാപിക പെരുമാറിയത്. മതത്തിന്റേയും ജാതിയുടേയും പേരിൽ വിദ്യാർഥികൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും നടത്തുന്നവർ രാജ്യത്തെ പിന്നോട്ടാണ് നയിക്കുന്നത്. അധ്യാപക കൂട്ടായ്‌മകൾ ഇതിനെതിരെ രംഗത്ത് വരണം. മാതൃകാപരമായ നടപടികൾ വരണം’- മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി വിമർശിച്ചു.
വിദ്യാർഥികളെ സ്വന്തം പുത്രൻമാരായി കണ്ടു അവർക്ക് അന്നവും അറിവും നൻമയും പകർന്നു നൽകുന്നതാണ് ഇന്ത്യയുടെ മഹത്തായ ഗുരുകുല പാരമ്പര്യം. മതത്തിന്റെയോ ജാതിയുടെയോ പേരിൽ അവരെ വേർതിരിച്ചു കാണുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!