തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എൻ പ്രശാന്ത് അധിക്ഷേപിച്ചു.
‘ജയതിലക് എന്ന വ്യക്‌തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ പ്രശാന്ത് കമന്റ് ചെയ്‌തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയെയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്‌ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.
ഡോ. ജയതിലകിന്റെ റിപ്പോർട് എങ്ങനെ ചോരുന്നു, ആരാണ് ഇടനിലക്കാർ എന്ന ഒരാളുടെ ചോദ്യത്തിനാണ് പ്രശാന്ത് മറുപടി നൽകിയിരിക്കുന്നത്. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് ഉൾപ്പടെയുള്ള കണ്ടെത്തലുകൾ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപീകരിച്ച ഉന്നതിയുമായി (കേരള എംപവർമെന്റ് സൊസൈറ്റി) ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമർശനം.
ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്‌ണനെതിരെയും പരാമർശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്‌ടറുടെ ഓർമശക്‌തി ഹാക്ക് ചെയ്‌തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. ഉന്നതിയിൽ ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവർത്തനം തന്നെ സ്‌തംഭിച്ച അവസ്‌ഥയിലാണെന്ന് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട് കൈമാറിയിരുന്നു.
പട്ടികജാതി- വർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്‌ചകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമർശനം നടത്തിയത്. വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ ഗോപാലകൃഷ്‌ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്.
രേഖകൾ ആവശ്യപ്പെട്ട് പ്രശാന്തിന് കത്ത് നൽകി രണ്ടുമാസത്തിന് ശേഷമാണ് രണ്ടു കവർ മന്ത്രിയുടെ ഓഫീസിൽ എത്തിയത്. കവറുകളിൽ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഇല്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.
മതാടിസ്‌ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണൻ സംശയ നിഴലിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എൻ പ്രശാന്തിനെതിരായ ഫയൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്‌ഥർ പറയുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!