കാസർഗോഡ്: ദേശീയാ പാത66 ആറുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. പാതയിലെ ഇരു ഭാഗങ്ങളിലും ഉള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. കൂടാതെ വൈദ്യുതി തൂണുകളും മാറ്റി സ്‌ഥാപിക്കണം. രണ്ടു വർഷത്തെ കാലാവധിയിൽ നിർമാണ പ്രവർത്തങ്ങളുടെ പ്രാംരംഭ ജോലികൾ മാത്രമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. എന്നാൽ, പാതയ്‌ക്ക് ആവശ്യമായ ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്‌ടപരിഹാരത്തുക നൽകുന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്.
ജില്ലയിലെ മൂന്ന് ദേശീയ പാതാ റീച്ചുകളായ തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് എന്നിവയുടെ ശിലാസ്‌ഥാപനം ഒക്‌ടോബറിൽ നടന്നിരുന്നു. ഇതിൽ ആദ്യത്തെ 39 കിലോമീറ്റർ ഉള്ള തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവർത്തനമാണ് നിലവിൽ തുടങ്ങിയിരിക്കുന്നത്. ഇതിന് 1704.125 കോടി രൂപയ്‌ക്കാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തിരിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ചിലെ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകളും മാറ്റി സ്‌ഥാപിക്കേണ്ടതുണ്ട്. പ്രധാന പാതയുടെ നിർമാണം തുടങ്ങുമ്പോൾ സർവീസ് റോഡുകളും നിർമിക്കേണ്ടതുണ്ട്.
ഈ റീച്ചിൽ മാത്രം നിരവധി പാലങ്ങളാണ് നിർമിക്കേണ്ടി വരിക. ഇങ്ങനെ വരുമ്പോൾ രണ്ടു വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പുനരധിവാസ പ്രശ്‌നം, ഭൂമിവില തുടങ്ങിയ കാരണങ്ങളാൽ രണ്ടു പതിറ്റാണ്ടുകാലമായി മുടങ്ങി കിടന്നിരുന്ന പദ്ധതിയാണ് നിലവിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്. നിർമാണോൽഘാടനം കഴിഞ്ഞ മേഖലകളിൽ പ്രവൃത്തികൾ വേഗത്തിൽ തുടങ്ങുമെന്നാണ് സൂചന.
Read Also: അമ്പലപ്പാറയിലെ മാലിന്യ ശേഖരണ കേന്ദ്രം; പ്രവർത്തനം ഞായറാഴ്‌ച മുതൽ