അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി റോഡിലെ ആശുപത്രിപ്പടി മൈതാനത്തിന് സമീപം നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം ഞായറാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം തുടങ്ങിയത്. ഇതിന്റെ ഉൽഘാടനം ഞായറാഴ്‌ച രാവിലെ പത്തിന് പ്രേംകുമാർ എംഎൽഎ നിർവഹിക്കും. സ്വച്ഛ് ഭാരത് മിഷന്റെയും പഞ്ചാത്തിന്റെയും 26.57 ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്.
മാലിന്യം വിവിധ സ്‌ഥലങ്ങളിൽ നിന്ന് ശേഖരിച്ച് കേന്ദ്രത്തിൽ എത്തിക്കാൻ 9.5 ലക്ഷം രൂപ ചിലവഴിച്ച് വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ളാസ്‌റ്റിക് രൂപമാറ്റം വരുത്താൻ ആവശ്യമായ ബെയ്‌ലിങ് യന്ത്രം, പ്ളാസ്‌റ്റിക് സംഭരിക്കാനുള്ള സൗകര്യം, ഓഫിസ് മുറി, സ്‌റ്റോർ മുറി, ശൗചാലയം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പി വിജയലക്ഷ്‌മി പറഞ്ഞു. ഇതിന് പുറമെ രണ്ട് മിനി മാലിന്യ സംഭരണ കേന്ദ്രവും ആരംഭിക്കും. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രധാന സംഭരണ കേന്ദ്രം തുറന്നത്.
പഞ്ചായത്തിലെ 20 വാർഡുകളിലെ പതിനായിരത്തോളം വീടുകളിൽ നിന്നും വ്യാപാര-ഹോട്ടൽ സ്‌ഥാപനങ്ങളിൽ നിന്നുമായി മാസത്തിൽ ഏകദേശം എട്ട് ടണ്ണിലധികം മാലിന്യമാണ് ശേഖരിക്കുന്നത്. നേരത്തേ ഇത് മേലൂർ റോഡിലെ വ്യവസായ കേന്ദ്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് കുന്നുകൂടി ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ മാലിന്യം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം തുറക്കാൻ തീരുമാനം ആയത്.
Read Also: കോരൻപുഴയുടെ ഗതിമാറ്റം; ദുരിതത്തിലായി പുഞ്ചക്കൊല്ലി കോളനി വാസികൾ