തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടക തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തുലാവർഷ സീസണിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. ഇത് കേരളത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ മഴ ശക്‌തമാകാനും സാധ്യതയുണ്ട്.
സംസ്‌ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ ശക്‌തമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 8 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്‌തമായ മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി.
ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ കേരള തീരത്ത് ശക്‌തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മൽസ്യ തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും, കേരള കർണാടക തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read also: കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി