ഇടുക്കി: പണിക്കൻകുടിയിൽ നടന്ന അരുംകൊലയുടെ ചുരുളഴിയുന്നു. അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സിന്ധുവിന്റേത് തന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്നാഴ്‌ച പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രതി ബിനോയ് ഇപ്പോഴും ഒളിവിലാണ്. ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. ഫോറൻസിക് പരിശോധനക്ക് ശേഷം സിന്ധുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്‌റ്റുമോർട്ടത്തിനായി അയക്കും.
കഴിഞ്ഞ ദിവസമാണ് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്‌റ്റ് 12 മുതലാണ് 45കാരിയായ സിന്ധുവിനെ കാണാതായതെന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിന്ധുവിനൊപ്പം താമസിച്ചിരുന്ന ബിനോയിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടത്.
മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. സിന്ധു എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതടക്കമുള്ള കാര്യങ്ങൾ പോസ്‌റ്റുമോർട്ടത്തിന് ശേഷം വ്യക്‌തമാകുമെന്നും പോലീസ് അറിയിച്ചു. ബിനോയിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ രേഖകളും ബാങ്ക് വിവരങ്ങളും ശേഖരിച്ചുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കേസിൽ പോലീസിന് വീഴ്‌ചയുണ്ടായി എന്ന് സിന്ധുവിന്റെ ബന്ധുക്കളുടെ ആക്ഷേപം ഉയർന്നിട്ടുണ്ട്. സിന്ധുവിന്റെ മൃതദേഹം കുഴിച്ചിട്ട പ്രതി മുകളിൽ അടുപ്പ് പണിതു. തറ പുതുതായി പണിതാണെന്ന സിന്ധുവിന്റെ മകന്റെ മൊഴി പോലീസ് കണക്കിലെടുത്തില്ലെന്നാണ് ആരോപണം. പോലീസ് നായ വന്ന് തറയ്‌ക്ക് മുകളിൽ ഇരുന്നെങ്കിലും മീൻതല കണ്ടിട്ടാകും എന്നായിരുന്നു പോലീസ് പറഞ്ഞത്. പ്രതിയെ കുറിച്ചുള്ള സംശയവും പോലീസ് കണക്കിലെടുത്തില്ലെന്ന് സിന്ധുവിന്റെ മകൻ ആരോപിച്ചു.
Also Read: നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം