കൊച്ചി: കൈ നിറയെ മെഡലുകളുമായി എത്തേണ്ട കുഞ്ഞു പ്രതിഭ. ആർപ്പുവിളികൾ ഉയരേണ്ടിയിരുന്നു നാടും വീടും ഇന്ന് അവളുടെ വിലാപയാത്രക്ക് സാക്ഷ്യം വഹിക്കും. നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാതയെ തുടർന്ന് മരിച്ച മലയാളി വിദ്യാർഥിനി നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തി.
പിതാവ് ഷിഹാബുദീൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം ജനപ്രതിധികളും എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നിദയുടെ ജൻമനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. മതപരമായ ചടങ്ങുകൾക്ക് ശേഷം 10 മണിക്ക് നിദ പഠിച്ച നേർക്കുന്നം ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 11 മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ഉച്ചക്ക് 12 മണിയോടെ കാക്കാഴം ജുമാ മസ്‌ജിസ് ഖബർ സ്‌ഥാനത്തിലാണ് ഖബറടക്കം. നിദയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കുട്ടിയുടെ രക്‌ത സാമ്പിളുകൾ മൂന്ന് ലാബുകളിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം, ഭക്ഷ്യ വിഷബാധയല്ല മരണത്തിന് കാരണമെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം.
ചികിൽസാ പിഴവ് വരുത്തിയ ശ്രീകൃഷ്‌ണ ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണം ഉണ്ടാകും. സംസ്‌ഥാന സർക്കാരും മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറേഷനോട് റിപ്പോർട് ആവശ്യപ്പെടും.
അതേസമയം, നിദയുടെ മരണം ഇനിയും ടീമിലെ എല്ലാവരെയും അറിയിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനും ആശുപത്രി ചിലവുകൾക്കുമായി കേരള സ്‌പോർട്‌സ് കൗൺസിൽ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. ചികിൽസാ പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കും, കായിക മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
അതേസമയം, സ്‌പോർട്‌സ് കൗൺസിൽ അംഗീകാരം ഉണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ല. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവ് ഉണ്ടായിട്ടും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം.
2015 മുതൽ എല്ലാ വർഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിൾ പോളോ അസോസിയേഷൻ ടീമുകളെ അയക്കുന്നത്. എന്നാൽ, യാത്ര പോവുന്നതല്ലാതെ ഒരിക്കൽ പോലും ടീം മൽസരിക്കാൻ ഇറങ്ങിയിട്ടില്ല. പലകാരണങ്ങൾ പറഞ്ഞ് എല്ലാ വർഷവും ദേശീയ ഫെഡറേഷൻ വേദിയിൽ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും.
Most Read: കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന