മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ആഴ്‌ച മരിച്ച 23 വയസുകാരന്റെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആയി സ്‌ഥിരീകരിച്ചത്. ഈ മാസം ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് മരിച്ചത്.
ഇന്നലെ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും മൈക്രോബയോളജി വിഭാഗത്തിൽ പിസിആർ പരിശോധന നടത്തുകയുമായിരുന്നു. ഇതിലാണ് പോസിറ്റീവ് ആയത്. തുടർന്ന് സ്‌ഥിരീകരണത്തിനായി പൂനെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയക്കുകയായിരുന്നു.
മലപ്പുറം വണ്ടൂർ നടുവട്ടത്ത് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടിലെത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനിക്കൊപ്പം ഛർദിയും ഉണ്ടായതോടെ ആദ്യം നടുവത്തുള്ള സ്വകാര്യ ക്ളിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ളിനിക്കിലും ചികിൽസ തേടി. എന്നാൽ, പനി മാറാതെ വന്നതോടെയാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചതോടെ ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. യുവാവുമായി സമ്പർക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഒസാമയുടെ മകൻ അൽ ഖായിദയുടെ കമാൻഡറെന്ന് മിറർ ഇന്റലിജൻസ്