ന്യൂഡെൽഹി: രാജ്യം അഭിമുഖീകരിക്കുന്നത് സാങ്കേതിക സാമ്പത്തിക മാന്ദ്യമല്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. സാങ്കേതിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നതിൽ യാതൊരു അർഥവുമില്ല. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് നമ്മൾ പതിയെ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം പാദത്തിൽ 9-5% മുതൽ 10% വരെ ഇടിവുണ്ടായ സമയം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജിഡിപിയിൽ 7.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഉപഭോക്‌തൃ ആവശ്യം വർധിക്കുകയാണ്. അത് വളരെ നല്ലൊരു ലക്ഷണമാണെന്ന് അദ്ദേഹം പറയുന്നു.
മാന്ദ്യം അധിക കാലം നീണ്ടുനിൽക്കുമെന്ന ആശങ്കയില്ല.വൈദ്യുതി ഉൽപാദന മേഖല നല്ല വളർച്ചയാണ് കാണിക്കുന്നത്. 50 ശതമാനം നെഗറ്റീവ് വളർച്ച കാണിച്ച നിർമാണ മേഖലയും ഉയർന്നു വരികയാണ്. ശുഭാപ്‌തി വിശ്വാസത്തോടൊപ്പം ജാഗ്രതയോടെയാണ് ഇതെല്ലാം താൻ വീക്ഷിക്കുന്നത്. കോവിഡ് മഹാമാരി ഇനി ഏത് രീതിയിൽ സമ്പദ് വ്യവസ്‌ഥയെ ബാധിക്കുമെന്ന് ഇപ്പോഴും പൂർണമായി പറയാൻ കഴിയില്ല-രാജീവ് കുമാർ പറഞ്ഞു.
ഉപഭോഗത്തിൽ 13 ശതമാനം ഇടിവുണ്ടായിരുന്നെങ്കിലും അത് മാറാൻ തുടങ്ങിയിരിക്കുന്നു. ഉൽസവങ്ങൾ കാരണം ഒക്‌ടോബറിൽ ഉപഭോഗം വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി-മാർച്ച് പാദത്തോടെ സമ്പദ് വ്യവസ്‌ഥയിൽ നല്ല വളർച്ച കാണുമെന്ന് ഉറപ്പുണ്ട്. പണം കൈമാറുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രശ്‌നങ്ങൾ സർക്കാർ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് ‘ഇന്ത്യ ടുഡേ’ ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സമ്പദ് വ്യവസ്‌ഥയുടെ ഏറ്റവും താഴ്‌ന്ന അവസ്‌ഥയിലാണ് രാജ്യം ഇപ്പോൾ എത്തി നിൽക്കുന്നത്. കോവിഡ് പ്രതിസന്ധി തന്നെയാണ് പ്രധാന കാരണം. മാർച്ചിൽ മഹാമാരി രാജ്യത്തെത്തിയപ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. ജീവിതവും ഉപജീവനവും തമ്മിലുള്ള സന്തുലിതാവസ്‌ഥ നിലനിർത്താൻ രാജ്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി