ചെന്നൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ടുള്ള തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നുമുള്ള തമിഴ്‌നാട് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, പരാമര്‍ശങ്ങള്‍ നീക്കാനാകില്ലെന്ന് ബെഞ്ച് നിലപാടെടുത്തു.
തമിഴ്‌നാട് ഹൈക്കോടതി പരാമര്‍ശങ്ങള്‍ രൂക്ഷവും, അനവസരത്തിൽ ഉള്ളതുമാണ്. ഉയര്‍ന്ന കോടതികളിലെ ജഡ്‌ജിമാര്‍ സംയമനം പാലിക്കേണ്ടതുണ്ട്. എടുത്തു ചാടിയുള്ള പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നു. പക്ഷെ, ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ല. അതിനാല്‍ തന്നെ പരാമര്‍ശങ്ങള്‍ നീക്കേണ്ട സാഹചര്യമില്ല.
മഹാമാരിക്കാലത്ത് ഹൈക്കോടതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. കോടതി നടപടികള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കാനാകില്ല. കോടതി നടപടികള്‍ റിപ്പോര്‍ട് ചെയ്യുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.
ജനാധിപത്യത്തെ സജീവമാക്കി നിര്‍ത്താന്‍ മാദ്ധ്യമങ്ങള്‍ പങ്ക് വഹിക്കുന്നുവെന്നും, ജുഡീഷ്യറിയെ ഉത്തരവാദിത്തം ഉള്ളവരാക്കാന്‍ കോടതി റിപ്പോര്‍ട്ടിംഗ് ആവശ്യമാണെന്നും ബെഞ്ച് വ്യക്‌തമാക്കി. കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിലാണ് കോടതിയുടെ പരാമർശം.
Read Also: ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു