ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ട ബംഗളൂരു- യശ്വന്ത്പൂർ- ഹൗറ ട്രെയിൻ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുനഃസ്‌ഥാപിച്ചത്. കൽക്കരിയുമായി ഗുഡ്‌സ് ട്രെയിൻ ഇന്നലെ രാത്രി 10.40ന് ഇതുവഴി കടന്നുപോയിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റേയും ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിൻ കടന്നുപോയത്. അതേസമയം, അപകടത്തിൽ തകർന്ന രണ്ടു ട്രാക്കുകൾ കൂടി പുനഃസ്‌ഥാപിക്കാനുള്ള ജോലികൾ രാപ്പകലില്ലാതെ തുടരുകയാണ്. ദുരന്തത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ ഇന്ന് തെളിവെടുപ്പ് നടത്തും.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും തദ്ദേശ സ്‌ഥാപന പ്രതിനിധികൾക്കും മൊഴി നൽകാൻ അവസരമുണ്ട്. അതേസമയം, ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. റെയിൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്‌തുവെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read: ഇനിമുതൽ എല്ലാവർക്കും ഇന്റർനെറ്റ്; ‘കെ-ഫോൺ’ ഉൽഘാടനം ഇന്ന്