തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതികളിൽ ഒന്നായ കെ-ഫോൺ ഇന്ന് മുഖ്യമന്ത്രി ഇന്ന് സംസ്‌ഥാനത്തിന് സമർപ്പിക്കും. ഏല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്‌ഥാന സൗകര്യങ്ങൾ ശക്‌തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്‌ഥാന സർക്കാർ ആവിഷ്‌കരിച്ച കെ- ഫോൺ പദ്ധതി ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
നിയമസഭാ കോംപ്ളക്‌സിലെ ആർ ശങ്കരനാരായൺ തമ്പി ഹാളിലാണ് ചടങ്ങ്. നിയമസഭാ മണ്ഡലങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ ഉൽഘാടന പരിപാടികൾ സംഘടിപ്പിക്കും. അതേസമയം, കെ-ഫോണിന്റെ ഉൽഘാടന ചടങ്ങും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം. കെഎസ്ഇബിയും കേരളാ സ്‌റ്റേറ്റ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കെ-ഫോൺ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഇതുവഴി ഹൈസ്‌പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും.
വിഷുക്കൈനീട്ടമായി 7080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും. 30,438 സർക്കാർ ഓഫീസുകൾക്ക് കെ- ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
സർക്കാർ സ്‌ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുക, ട്രഷറിയുൾപ്പടെയുള്ള കേന്ദ്രീകൃത സ്‌ഥാപനങ്ങൾക്കായി പ്രത്യേക ഇന്റർനെറ്റ് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്‌ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപ്പറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെ-ഫോൺ മുന്നോട്ട് വെക്കുന്നത്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്‌ഥാനമാണ് കേരളം.
Most Read: അരിക്കൊമ്പനെ മയക്കുവെടിവെച്ചു; വെള്ളിമല വനത്തിലേക്ക് മാറ്റുമെന്ന് സൂചന