കമ്പം: ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടിവെച്ചു തമിഴ്‌നാട് വനംവകുപ്പ്. പുലർച്ചെ 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ശേഷം കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചു അനിമൽ ആംബുലൻസിലേക്ക് കയറ്റി. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. വെള്ളിമല വനത്തിലേക്കാണ് ആനയെ മാറ്റുന്നത്.
രണ്ടുതവണയാണ് വനംവകുപ്പ് വെടിവെച്ചത്. അതിന് ശേഷം ബൂസ്‌റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചത്. ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് ബൂസ്‌റ്റർ ഡോസ് നൽകിയത്. ഇന്നലെ രാത്രിമുതൽ പൂശാനത്തെ വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്‌തിയുടെ തെങ്ങിൻതോപ്പിൽ ആയിരുന്ന കൊമ്പൻ. ഇതോടെയാണ് ദൗത്യ സംഘം വെടിവെച്ചത്.
നിലവിൽ വെള്ളിമലയിലേക്കാണ് ആനയെ മാറ്റുകയെന്നാണ് സൂചന. ആനയുടെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയിൽ ചികിൽസ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ചു തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ചു ആവശ്യമെങ്കിൽ ചികിൽസ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക.
മെയ് 27ന് കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ പരിഭ്രാന്തി പരാതിയതോടെ പിറ്റേന്ന് മയക്കുവെടിവെക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പത്ത് നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിരുന്നു. തയ്യാറെടുപ്പുകൾ നടത്തി സംഘം കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ആനയുടെ നിരീക്ഷണം വനംവകുപ്പ് തുടർന്നിരുന്നു.
Most Read: ആരോഗ്യ സ്‌ഥാപനങ്ങളിൽ ഇനിമുതൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും; ആരോഗ്യമന്ത്രി